
ന്യൂഡൽഹി:കോടതിമുറിയിലെ ഒരു അധിക്ഷേപ പരാമർശത്തെ രാജ്യത്തെ യുവാക്കൾ ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരിഹാസമാക്കി മാറ്റിയിരിക്കുകയാണ്. ഡൽഹിയിലെ വ്യാജ വക്കീലന്മാരെയും സോഷ്യൽ മീഡിയ ഉപഭോക്താക്കളെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 'സമൂഹത്തിലെ ഇത്തിൾക്കണ്ണികളായ പാറ്റകൾ' എന്ന് വിളിച്ചതാണ് കഥയിലെ വില്ലൻ. യുവാക്കൾക്കിടയിൽ വലിയ രോഷമുണ്ടാക്കിയ ഈ പരാമർശത്തിന് മറുപടിയായി മുൻ ആം ആദ്മി പ്രവർത്തകനും ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റുമായ അഭിജിത് ദിപ്കെ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) എന്ന പേരിൽ സോഷ്യൽ മീഡിയ പേജുകൾ ആരംഭിച്ചു.
വെറും ആറു ദിവസം കൊണ്ട് ബി.ജെ.പിയെയും കോൺഗ്രസിനെയും പിന്നിലാക്കി ഇൻസ്റ്റഗ്രാമിൽ ഒന്നരക്കോടി ഫോളോവേഴ്‌സിനെയാണ് ഈ 'പാറ്റ പാർട്ടി' സ്വന്തമാക്കിയത്. "മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ, മടിയൻ പാർട്ടി" എന്ന മുദ്രാവാക്യമുയർത്തുന്ന ഇവർ, വോട്ട് തടഞ്ഞാൽ തിരഞ്ഞെടുപ്പ് കമ്മീഷണറെ യു.എ.പി.എ ചുമത്തി അകത്താക്കുമെന്നും, വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റ് നൽകില്ലെന്നും, കോർപ്പറേറ്റ് മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും പ്രകടനപത്രികയിലൂടെ പ്രഖ്യാപിക്കുന്നു. ഒടുവിൽ ചീഫ് ജസ്റ്റിസ് തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് തടിയൂരിയെങ്കിലും സോഷ്യൽ മീഡിയയിലെ പാറ്റ വിപ്ലവം ഇപ്പോൾ തരംഗമായി മുന്നേറുകയാണ്.










